രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി പൊലീസ്: ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് (മൂന്ന്) രാഹുലിനെ ഹാജരാക്കിയത്. വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിൽ എത്തിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിൽ നാലാം പ്രതിയാണ് രാഹുൽ. രാഹുൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു.

അടൂരിൽനിന്ന് പുലർച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കൻറോൺമെൻറ് സ്റ്റേഷനിലെത്തിച്ചത്. ഫോർട്ട് ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ചാൽ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താൻ സഹകരിച്ചുവെന്നും രാഹുൽ പലതവണ പറഞ്ഞിട്ടും എസ്‌ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റി. എസ്‌ഐയും രാഹുലും തമ്മിൽ വാക്കേറ്റമുണ്ടായി.

ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചതോടെ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റിയാണ് രാഹുലനെ കോടതിയിലേക്ക് കൊണ്ടുപോയത്. രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് രാഹുൽ.

Leave a Reply

Your email address will not be published. Required fields are marked *