രാത്രി ട്രെയിനില്‍ എത്തിയവരുമായി തര്‍ക്കം; തൃശ്ശൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു

തൃശ്ശൂർ റെയിൽവേസ്റ്റേഷൻ വഞ്ചിക്കുളം ഭാഗത്ത് രാത്രിയുണ്ടായ കത്തിക്കുത്തിൽ ഒരു യുവാവ് മരിച്ചു. മൂന്നുപേർക്ക് കുത്തേറ്റിട്ടുണ്ട്. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്. ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരൻ ശ്രീരേഖ്, അജ്മൽ, ശ്രീരാജ് എന്നിവർ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാൻജി മൂലയിൽ തമ്പടിക്കുന്ന ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങൾ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

അജ്മൽ ദിവാൻജിമൂലയിലെ താമസക്കാരനാണ്. പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫിനെ പരിക്കേറ്റനിലയിൽ കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുസംഘത്തിലുംപെട്ട രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ്‌ സൂചന.

Leave a Reply

Your email address will not be published. Required fields are marked *