യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ടൈൽ ജോലി ചെയ്യുന്ന യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. യുവാവിൽ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. ഇതിനിടെ, എറണാകുളം നോർത്തിലെ ഹോട്ടലിൽ മുറിയെടുക്കാൻ മനീഷ യുവാവിനോട് ആവശ്യപ്പെട്ടു. 15നു ഹോട്ടലിൽ മുറിയെടുത്ത് യുവാവ്  കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലിൽ എത്തിയത്. സുനിയെ പുറത്തു നിർത്തി മനീഷ മുറിയിൽ കയറി.  കോളിങ് ബെൽ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തി, ഇടിവള കൊണ്ട് മുഖത്തിടിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്. 

സംഭവത്തെത്തുടർന്നു യുവാവ്  മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മനീഷ ഇയാളെ ഫോണിൽ വിളിച്ച് പ്രശ്നം ഒത്തുതീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ്  രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ വിറ്റ മാല പള്ളുരുത്തിയിലെ ജ്വല്ലറിയിൽ നിന്നും മാല വിറ്റു കിട്ടിയ പണം പ്രതികളിൽ നിന്നും കണ്ടെടുത്തു. Honey trap; two arrested in Kochi

Leave a Reply

Your email address will not be published. Required fields are marked *