യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 19 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണമദ്ധ്യ ഒളിവില്‍ പോയ പ്രതിയെ 19വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്.

മാന്നാര്‍ കുട്ടമ്ബേരൂര്‍ താമരപ്പള്ളില്‍ വീട്ടില്‍ കുട്ടികൃഷ്ണൻ ജി പി (55) ആണ് പിടിയിലായത്. ഭാര്യ ജയന്തിയെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2004 ഏപ്രില്‍ രണ്ടിനാണ് സംഭവം നടക്കുന്നത്.

അന്ന് കുട്ടികൃഷ്ണനും ഭാര്യയും തമ്മില്‍ താമരപ്പള്ളി വീട്ടില്‍ വച്ച്‌ വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു വഴക്ക്. പിന്നാലെ കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച്‌ ബോധം കെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്ക് അടിക്കുകയായിരുന്നു.

മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം തല അറുത്തു മാറ്റുകയും ചെയ്തു. സംഭവം നടന്ന രാത്രി കുട്ടികൃഷ്ണനും ഒന്നേകാല്‍ വയസുള്ള മകളും മൃതദേഹത്തിന് അടുത്തിരുന്നു. അടുത്ത ദിവസമാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതി പൊലീസ് പിടിയിലായി. ആദ്യത്തെ വിവാഹകാര്യം മറച്ചുവച്ചു, ജയന്തിയ്ക്ക് മറ്റ് പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നുമുള്ള സംശയവും മൂലമുണ്ടായ വെെരാഗ്യമായിരുന്നു കൊലപാതകത്തിലേയ്ക്ക് പ്രതിയെ നയിച്ചത്.

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്‌ണൻ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ കുട്ടികൃഷ്ണനെ കണ്ടെത്താൻ നിരവധി തവണ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാനം 2023 ജൂണില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചെെത്ര തെരേസ ജോണ്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഒറീസയില്‍ ടയര്‍ റിട്രേഡിംഗ് ജോലി ചെയ്യുന്നതായി കണ്ടെത്തി. അവിടെ നിന്ന് മുംബയില്‍ ഷെയര്‍ മാര്‍ക്കറ്റിംഗ് ബിസിനസുമായി പോകാറുണ്ടെന്നും മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ബിസിനസ് നടത്തി സാമ്ബത്തിക നഷ്ടം വന്ന കുട്ടികൃഷ്ണൻ മുംബയില്‍ നിന്ന് എറണാകുളം കളമശ്ശേരി സ്വദേശിക്കൊപ്പം പോയെന്നും അറിഞ്ഞു. പിന്നാലെയാണ് കുട്ടികൃഷ്ണനെ കളമശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *