‘യുഡിഎഫ് ഒറ്റക്കെട്ട്’: മുന്നണിക്കുള്ളിൽ തർക്കമില്ലെന്ന് കെ മുരളീധരൻ

യുഡിഎഫിനുള്ളിൽ മുസ്ലിംലീഗ് വിമർശന സ്വരമുയർത്തിയതിന് പിന്നാലെ ചേർന്ന നിർണായക കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗത്തിന് ശേഷം വിശദീകരണവുമായി കെ മുരളീധരൻ എംപി. യുഡിഎഫ് മുന്നണി ഒറ്റക്കെട്ടെന്നാണെന്നും തർക്കങ്ങളില്ലെന്നും മുരളീധരൻ കൊച്ചിയിൽ വിശദീകരിച്ചു. മുസ്ലിംലീഗ് നിലപാട് സാദ്ദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. മുന്നണിക്കുള്ളിൽ തർക്കങ്ങളില്ല. എല്ലാകാര്യങ്ങളിലും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയെ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ആർക്കും വിലക്കില്ലെന്നും ശശി തരൂരുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മുരളീധരൻ മറുപടി നൽകി. ആർക്കും ഏത് ജില്ലയിൽ നടക്കുന്ന പാർട്ടി പരിപാടികളിലും പങ്കെടുക്കാം. പക്ഷേ അതത് ജില്ലാ കോൺഗ്രസ് കമ്മറ്റിയറിയണമെന്നാണ് നിർദ്ദേശമെന്നും മുരളീധരൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *