മേൽപ്പാലത്തിൽ ഫ്‌ലാഷ് ലൈറ്റിട്ട് യാത്ര; കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി

അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും ഘടിപ്പിച്ച വാഹനത്തിൽ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ യാത്ര ചെയ്ത കൊല്ലം കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വിഷയത്തിൽ കേസ് റജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു.

ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേൽപ്പാലത്തിലൂടെ, അടിയന്തര വാഹനങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎൽ എംഡിയുടെ വാഹനം പാഞ്ഞുപോയത്. വാഹനത്തിന്റെ മുൻവശത്തു കൊടിയും ഉപയോഗിച്ചിരുന്നെന്നു കോടതി പറഞ്ഞു. ഇതിന്റെ ചിത്രം കോടതി കണ്ടു. കൊല്ലം ജില്ലാ പൊലീസ് മേധാവി വഴി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസറുടെ (എൻഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തിൽ പരിശോധനയ്ക്കായി നിയോഗിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. അനധികൃതമായി നെയിം ബോർഡും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകൾ നിലവിലുണ്ടായിട്ടും മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർക്കും പൊലീസിനും അതിനു കഴിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *