മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; കേസിൽ വിധി 30ന്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ എൽ.എച്ച്.യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോടതി നിർദ്ദേശ പ്രകാരം റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്ട്രേട്ട് വിനോദ് ബാബു 30ന് വിധി പറയും. പൊലീസ് റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയിൽ വിശ്വാസമുണ്ടെന്ന് യദുവിന്റെ അഭിഭാഷകനും വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ബസിൽ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. കൃത്യം നേരിൽ കണ്ട മൂന്നു ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിൾ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ശേഖരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നു പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി പറഞ്ഞു. യദു ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും ഏപ്രിൽ 28ന് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. യദുവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം കേസ് റജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *