മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം ; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ഒന്നര ദിവസത്തോളം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടിയുണ്ടാകുന്നത്.

തിരുമല സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ ഇദ്ദേഹത്തെ ഇന്നു രാവിലെ ആറുമണിക്കാണു കണ്ടെത്തിയത്. രവീന്ദ്രനെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രന്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപറേറ്റര്‍ എത്തി തുറന്നപ്പോള്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതിവച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണു വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചത്. ലിഫ്റ്റിലെ കയറിയ ഉടന്‍ മുകളിലേക്ക് പോയ ശേഷം പ്രവര്‍ത്തന രഹിതമാകുകയായിരുന്നു എന്നാണ് രവീന്ദ്രന്‍ പറയുന്നത്. ലിഫ്റ്റിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ആരും എടുത്തില്ല. അലാറം കൂടെക്കൂടെ അടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ഓര്‍ത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *