മുല്ലപ്പെരിയാര്‍ കേസ്; ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം: നിര്‍ണായക നിര്‍ദേശവുമായി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിര്‍ദേശിച്ചു.

മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം.ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു.

വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

മേൽനോട്ട സമിതിയടക്കമുള്ള  സാഹചര്യത്തിൽ അതിലൂടെ വിഷയങ്ങൾ പരിഹരിക്കാമല്ലോയെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു.

അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്നാട് കോടതിയിൽ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയ പണിയാനാണ് കേരളത്തിന്‍റെ ശ്രമമെന്ന് തമിഴ്നാട് അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *