മുനമ്പം ഭൂമി പ്രശ്നം ; ജൂഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , നീതി നിഷേധിക്കുന്നുവെന്ന് വിമർശനം

മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണ്. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്.

മുസ്‌ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെന്‍റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നു. ഇപ്പോൾ ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല.

സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞ‌ു.

Leave a Reply

Your email address will not be published. Required fields are marked *