‘മുത്തലാഖ് നിര്‍ത്തിയതും വനിതാ ബില്ലും ഉജ്ജ്വല ഗ്യാസു,അത് മോദിയുടെ ഗ്യാരണ്ടി’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് മോദി

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്‍റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞു. കാശിയിൽ നിന്നു വരുന്ന താന്‍ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മൊഴിമാറ്റിയുള്ള പ്രസംഗത്തിനു ശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്തു.

അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോദി വ്യക്തമാക്കി. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ് , ഇടതു സർക്കാർ സത്രീശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചു.

എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്,കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള

പരാമര്‍ശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.

മഹിളകളെ എല്ലാ മേഖലകളിലും പിടിച്ചുയര്‍ത്തുകയാണ് പ്രധാനമന്ത്രിയെന്ന് അധ്യക്ഷപ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.’സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ചു. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തേക്കിൻകാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ ശോഭനയ്ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുത്തത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.

മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവർ റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർ​ഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമാണ് എത്തിയത്. ഇതിന് ശേഷമായിരുന്നു സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ.അനിൽ ആന്‍റണി, പി കെ കൃഷ്ണദാസ്, രാധാ മോഹൻ അഗർവാൾ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *