മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയിൽ നടത്തിയ പരസ്യ പ്രതികരണങ്ങൾക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗൺസിൽ ചേർന്നാണ് നടപടി സ്വീകരിച്ചത്.
പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയിൽ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നൽകുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയിൽ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.
പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങിൽ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.