മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുത്: കെ.എം ഷാജി

നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. ദയവ് ചെയ്ത് മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്ര​ഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

നിപ എന്ന് പറഞ്ഞാല്‍ ഓര്‍മവരുക വവ്വാലിനെയാണ്. ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ വരുന്നത് മുഖ്യമന്ത്രിയേും. ഏഴ് മാസത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഒറ്റ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ഷാജി കുറ്റപ്പെടുത്തി.

നിങ്ങള്‍ക്ക് ദുരന്തം എന്ന് കേൾക്കുമ്പോള്‍ സന്തോഷമാണ്. പിരിവ് എടുക്കാന്‍ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്താം. വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്താന്‍ പറ്റിയ പണിയാണ്. പിന്നെ മകള്‍ക്കും മകനും മോഷ്ടിക്കാം. അതിനിടയിലൂടെ നിപയും മറ്റും വന്ന് പോകും, ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *