‘മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്, ആരോപണം മാത്രമാണ് ഉയർന്നിട്ടുള്ളത്’; സുരേഷ് ഗോപി

പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻന്മാർക്കെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവും കേന്ദ്രമന്ത്രി നടത്തി.

‘നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങൾ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. വിഷയം കോടതിയിൽ ഉണ്ടെങ്കിൽ കോടതി തീരുമാനിക്കും. നിങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കൂടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു’, സുരേഷ് ഗോപി പറഞ്ഞു. അതേസമയം, നടനും എംഎൽഎയുമായ മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവർ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *