മന്ത്രി സഭാ പുന:സംഘടന; മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവെച്ചു, കെ ബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരാകും

സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ​ഗതാ​ഗത വകുപ്പ് മന്ത്രിയാണ് ആന്റണി രാജു. പുതിയ മന്ത്രിമാർ ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്യും.കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്.

പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജുവും പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *