മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന; കാരണങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ്

ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ്.

പത്തോളം തരത്തിലുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ തെരഞ്ഞെടുത്ത ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.

വിജിലന്‍സിന് ലഭിച്ച പരാതികള്‍ ഇങ്ങനെ: മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നു. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു.

ഇതിന് പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്ബനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നു. ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വില വിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ല.

ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നു. ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളില്‍ ഡാമേജ് ഇനത്തില്‍ കാണിച്ച്‌ ബില്ല് നല്‍കാതെ വിറ്റഴിച്ച്‌ ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച്‌ പണം തിരിമറി നടത്തുന്നു. ചില ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് മദ്യം പൊതിയാതെ നല്‍കുന്നു.

തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ അഞ്ച് വീതവും തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉള്‍പ്പെടെ ആകെ 78 ഔട്ട് ലെറ്റുകളിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസിന്റെ മേല്‍നോട്ടത്തിലും പൊലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റജി ജേക്കബിന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064, 8592 900 900 എന്ന നമ്ബരിലോ വാട്‌സ് ആപ് നമ്ബരായ 9447 789 100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *