ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പുലർച്ചെയാണ് സംഭവമുണ്ടായത്.
സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.
ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാട്ടാനയെത്തി. കുറച്ചു നാൾ മുൻപ് ഈ ഭാഗത്തെത്തിയ വിരിഞ്ഞ കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ബസിന് മുന്നിൽ എത്തിയത്.
തിരുവനന്തപുരം- പഴനി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുൻപിലാണ് ആനയെത്തിയത്. കുറച്ചുനേരം റോഡിൽ നിലയുറപ്പിച്ച് കാട്ടാന അക്രമം ഉണ്ടാക്കാതെ സമീപത്തെ വനത്തിലേക്ക് പിൻവാങ്ങി.