ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ്. ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്.
ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതി തകര്‍ക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലമാണ് പാലക്കാട്. കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുകയാണ്.
സംസ്ഥാനത്തിന്റെ പിടിപ്പുകേട് മൂലം ജലജീവല്‍ മിഷന്‍ നടപ്പാകുന്നില്ല. ബ്രൂവറിക്ക് വേണ്ടി ഭൂഗര്‍ഭജലം ഊറ്റില്ലെന്ന എംബി രാജേഷിന്റെ പ്രസ്താവന വെറുംവാക്കാണ്. ഒയാസിസ് കമ്പനി ഡല്‍ഹി മദ്യനയത്തില്‍ നടപടി നേരിട്ടവരാണ്. കമ്പനിയുടെ ഭൂതകാലം കുപ്രസിദ്ധിയുടേതാണ്. സാമ്പത്തിക താത്പര്യങ്ങള്‍ മാത്രമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
എല്‍ഡിഎഫിന്റെ പ്രകടനപത്രിക അവര്‍ വീണ്ടും വീണ്ടും ലംഘിക്കുകയാണ്. എല്ലാ കാര്യത്തിലും എന്ന പോലെ കോണ്‍ഗ്രസ് ഇതിലും അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമെന്നുറപ്പാണ്. യുഡിഎഫ്- എല്‍ഡിഎഫ് പരസ്പര സഹായ മുന്നണികളാണ്. ബിജെപി മാത്രമാണ് ജനങ്ങളുടെ ആശ്രയം. ഈ സമരം വിജയിക്കാതെ ബിജെപി പിന്നോട്ട് പോകില്ല.
കേരളത്തിലെ ചെറുപ്പക്കാര്‍ നാട് വിടുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. സംരഭകരെ സംസ്ഥാനത്ത് നിന്നും ഓടിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷം ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. കേന്ദ്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.