ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ; ബോബിക്ക് കോടതിയുടെ രൂക്ഷവിമർശനം

നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്ന് കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂർ​ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. ഹർജിയിൽ വീണ്ടും നടിയെ അപമാനിച്ചതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു.

ഹണി റോസ് വലിയ ആളല്ലെന്നുമായിരുന്നു ഹർജിയിലെ പരാമർശം. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *