ബൂത്തിൽ പ്രവർത്തിക്കാൻ പോകാത്ത സംസ്ഥാന – ജില്ലാ നേതാക്കളെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കാൻ ബിജെപി സംസ്ഥാന തല നേതൃയോഗത്തിൽ തീരുമാനം. സംഘടനാചുമതല നോക്കുന്ന സഹപ്രഭാരി ഡോ. രാധാ മോഹൻദാസ് അഗർവാൾ ആണ് ബൂത്ത് തലത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ ബൂത്തുതല പ്രവർത്തനത്തിനു നേതൃത്വം കൊടുത്തയാളാണ് ഇദ്ദേഹം. ബൂത്തിലിറങ്ങാത്ത നേതാക്കളുടെ പട്ടിക ജില്ലാ തലത്തിൽനിന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ഫണ്ട് പിരിവിൽ ബൂത്ത് തലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ മൂന്നിരട്ടിയിലധികം തുക ലഭിച്ചതായി ഇന്നലെ ചേർന്ന നേതൃയോഗം വിലയിരുത്തി. 12 കോടിയോളമാണ് ബൂത്ത് തലത്തിൽ മാത്രം ഫണ്ട് ലഭിച്ചത്.
സംസ്ഥാന സർക്കാരിനെതിരെ മുൻനിരയിൽനിന്നു പ്രക്ഷോഭം നടത്താനും സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായി. ഗവർണർക്കെതിരെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാട് അഴിമതിക്കുള്ള പരസ്പരം സഹായമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ മണ്ഡലം പദയാത്രകൾ 2 ദിവസം നടത്താനാണു നിർദേശം.