ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കും: ചെന്നിത്തല

അധികാരത്തിൽ ഒരിക്കൽ കൂടി ബിജെപി വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുമെന്നും കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സമയം ഉണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള  തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് പത്ത് ദിവസത്തിനകം കൈമാറും. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? എന്നി ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരം ലഭിക്കുന്നതായിരിക്കും സര്‍വേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കുന്നത്.

ഈ സർവ്വേയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുക. കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച  സുനിൽ കനുഗോലു നയിക്കുന്ന ‘മൈന്‍ഡ് ഷെയര്‍ അനലിറ്റിക്‌സ്’ ടീം കോണ്‍ഗ്രസിനായി കേരളത്തിലെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അഴിമതി തുറന്നുകാട്ടുന്നതാവണം തെരഞ്ഞെടുപ്പിന്‍റെ പ്രചാരണമെന്നും സഹകരണമേഖലയിലെ പ്രതിസന്ധി പ്രധാന ഇനമായി മാറ്റണമെന്നും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്‍റെ പേരിലാണെങ്കിലും നിക്ഷേപകര്‍ ബുദ്ധിമുട്ടിലായിട്ടുണ്ടെങ്കില്‍ ജനപക്ഷത്തുതന്നെ നില്‍ക്കണമെന്ന കര്‍ശന നിര്‍ദേശമാണ് കെസി വേണുഗോപാല്‍ കെപിസിസിക്ക് നല്‍കിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *