ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് ഇടവരുത്തിയ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ്സ് ഡ്രൈവര്‍ പെരുവണ്ണാമൂഴി സ്വദേശി കെ പി ആഷിദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് റദ്ദാക്കിയത്. നന്മണ്ട ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എംപി ദിനേശന്റേതാണ് നടപടി.

കഴിഞ്ഞ നവംബര്‍ ഒന്നിന് ഉള്ളിയേരി കൂമുള്ളി മില്‍മ ബൂത്തിന് സമീപത്ത് വച്ചാണ് ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ മലപ്പുറം സ്വദേശി രതീപ് അപകടത്തില്‍ ദാരുണമായി മരിക്കുകയായിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബസ് ജീവനക്കാര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ യഥാര്‍ത്ഥ വസ്തുത പുറത്തുവരികയായിരുന്നു.

ദൃശ്യം പുറത്തുവന്നതോടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ മറ്റു നടപടികള്‍ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് രതീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു. എന്നാല്‍ ആഷിദില്‍ നിന്നും വാഹനപകടം സംബന്ധിച്ച് ലഭിച്ച മറുപടി തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് ആഷിദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തെക്ക് റദ്ദാക്കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *