കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയിൽ. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കഴിഞ്ഞ തിങ്കഴാള്ചയാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്.
നേരത്തെ പ്രതികളുടെ 20 കോടിയോളം രൂപ വില വരുന്ന വസ്തു വകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2022ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.