പ്രസവ ശസ്ത്രക്രിയ‌ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്ക് ഇന്ന് നോട്ടീസ് നൽകും

 പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ അന്വേഷണ സംഘം പ്രതികൾക്ക് ഇന്ന് നോട്ടീസ് നൽകും. മെഡിക്കൽ കോളേജ് എസിപി മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

സർക്കാർ ജീവനക്കാരായതിനാൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ആവശ്യപ്പെട്ട് സർക്കാരിന് അന്വേഷണ സംഘം അപേക്ഷ നൽകും. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും ഉൾപ്പെടെ നാലുപേരെയാണ് കേസിൽ പ്രതി ചേർത്തത്. കേസിനെ നിയമപരമായി നേരിടാനാണ് പ്രതിചേർക്കപ്പെട്ടവരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി മുൻകൂർ ജാമ്യാപേക്ഷ നൽകും.കഴിഞ്ഞ ദിവസമാണ് കേസില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സി കെ രമേശനാണ് ഒന്നാംപ്രതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചി ലെ നഴ്സുമാരായ എം രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റുള്ളവർ. ഹര്‍ഷിന 2017 നവംബര്‍ 30ന് പ്രസവശസ്ത്രക്രിയ നടത്തുമ്പോള്‍ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ഡോക്ടര്‍ രമേശന്‍. ഡോ. ഷഹനാ ജൂനിയര്‍ റസിഡന്‍റും.മെഡിക്കൽ നെഗ്‌ലിജൻസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത് .

പ്രതിപട്ടികയിലുള്ള നാല് പേർക്കും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും. നേരത്തെ പ്രതി പട്ടികയിലുൾപ്പെടുത്തിയിരുന്ന ഡോക്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷയും കോടതിയിൽ നൽകി. അതേസമയം, മെഡിക്കല്‍ കോളേജിന് മുന്നിലെ സമരം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഹര്‍ഷിന. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരപ്പന്തലിൽ വാർത്താ സമ്മേളനം നടത്തും.സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ഹര്‍ഷിന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *