പ്രയാഗയ്ക്ക് പിന്നാലെ ഹോട്ടലിൽ മറ്റൊരു നടിയും എത്തി; ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും സുഹൃത്തുക്കളും തങ്ങിയ സെവൻസ്റ്റാർ ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയും എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. ഓംപ്രകാശിന്റെ മുറി സന്ദർശിച്ചോയെന്ന കാര്യം സ്ഥിരീകരിക്കാൻ നടിയെ ഉടൻ ചോദ്യം ചെയ്യും. ലഹരിപ്പാർട്ടി നടന്ന ദിവസം ഹോട്ടലിൽ നടി എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്ന് മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെയും തൊട്ടടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.അതേസമയം ഓംപ്രകാശ് നടത്തിയ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തിരുന്നു. ഇരുവർക്കും പ്രതിയുമായി നേരിട്ട് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ആഢംബര ഹോട്ടലിൽ എത്തിയത്. രാവിലെ ഏഴ് മണിയോടെ മടങ്ങുകയും ചെയ്തു. അന്ന് നടന്ന പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രക്ത പരിശോധനയ്‌ക്ക് തയ്യാറാണെന്ന് താരങ്ങൾ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇരുവരുടെയും മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടോടെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് പ്രയാഗ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

ലഹരിപാർട്ടിയെ കുറിച്ച് അറിഞ്ഞില്ല,​ ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ പറഞ്ഞത്. പ്രയാഗയുടെ മൊഴി തൃപ്തികരമായതിനാൽ വീണ്ടും വിളിപ്പിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

അതേസമയം, കേസിൽ ഉൾപ്പെട്ട ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ ചില സംശയങ്ങൾ അന്വേഷണ സംഘത്തിനുണ്ട്. അതിനാൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചേക്കും. ഇവർ തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *