പ്രണയപ്പക; പെരുമ്പാവൂരിൽ യുവാവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനു മരണമടഞ്ഞു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇരിങ്ങോള്‍ സ്വദേശിയായ യുവാവ് ആല്‍ക്കയെ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ് ചികിത്സയിലായിരുന്ന അല്‍ക്കയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്ന് രാവിലെ മോശമാവുകയായിരുന്നു.

ഇരിങ്ങോള്‍ സ്വദേശി ബേസില്‍(21) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ബേസിലിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *