പോപ്പുലർഫ്രണ്ട് നിരോധനം; സംസ്ഥാനത്തെ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടി തുടരും

സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പിഎഫ്ഐ ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാർവാലി ട്രസ്റ്റ് ആണ് പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തത്.

എൻ ഐ എയുടെ സാന്നിധ്യത്തിൽ തഹസിൽദാർ, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിൽ പിഎഫ്ഐ ഓഫീസുകൾ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ കേരളത്തിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പിഎഫ്ഐ ഓഫീസുകൾ പൊലീസ് അടച്ച് പൂട്ടാൻ ആരംഭിച്ചത്. അതേ സമയം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Leave a Reply

Your email address will not be published. Required fields are marked *