പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍: വീടൊഴിയാന്‍ സമയം നല്‍കും 

പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ അപ്പോള്‍ത്തന്നെ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കിയിട്ടുണ്ട്. റവന്യൂറിക്കവറി നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം നോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. വീടിന്റെയും ഭൂമിയുടെയും വില നിര്‍ണയിച്ചശേഷമാകും ലേലനടപടികളിലേക്ക് നീങ്ങുക.

മുന്‍കൂര്‍നോട്ടീസ് ഇല്ല

സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഈടാക്കുന്നതിന് ഒരാളുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് 1968-ലെ കേരള റവന്യൂ റിക്കവറി നിയമപ്രകാരമാണ്. ജപ്തിക്ക് മുന്നോടിയായി നിയമത്തിലെ 7, 34 വകുപ്പുകള്‍പ്രകാരം വ്യക്തിക്ക് മുന്‍കൂര്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

എന്നാല്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നോട്ടീസ് നല്‍കാതെ കണ്ടുകെട്ടാനാണ് കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവ് നല്‍കിയത്.

കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തിചെയ്യാന്‍ പാടുള്ളൂ. ജപ്തിചെയ്ത ജംഗമവസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും ഒരു പകര്‍പ്പ് കുടിശ്ശികക്കാരന് നല്‍കുകയുംചെയ്യും. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കില്‍ ജംഗമവസ്തുക്കള്‍ ലേലംചെയ്യാം. 15 ദിവസത്തെ സാവകാശം ഇതിന് നല്‍കണം. നശിച്ചുപോകുന്ന വസ്തുക്കളാണെങ്കില്‍ ഏതുസമയത്തും ലേലംചെയ്യാം.

ഭൂമി ജപ്തിചെയ്തശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിര്‍ത്തുന്നതിനും ഒരു അവസരംകൂടി നല്‍കും. മൂന്നുമാസംവരെ സമയം ഇതിന് അനുവദിക്കും.

ഒഴിവാക്കുന്നവ

ധരിക്കുന്ന വസ്ത്രങ്ങള്‍, താലി, വിവാഹമോതിരം, പൂജാപാത്രങ്ങള്‍, കൃഷി ഉപകരണങ്ങള്‍, ഉഴവുമാടുകളില്‍ ഒരു ജോഡിയെങ്കിലും വരത്തക്കവണ്ണം ആകെയുള്ളതിന്റെ നാലിലൊന്ന്, കൈത്തൊഴിലുകാരുടെ പണിയായുധങ്ങള്‍ എന്നിവ ജപ്തിയില്‍നിന്നൊഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *