പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല.. സിനിമ താരമെന്ന പരിഗണന വേണ്ട. കേരള നിയമസഭയിലെ സീനിയർ എംഎൽഎയാണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു..
നടുക്കുന്ന് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്.
‘മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയര്‍ ആയിട്ടുള്ള എംഎല്‍എ, കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വം ആള്‍ക്കാരെയുള്ളു. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും നാലെ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്.
അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമനടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല.
പക്ഷെ ജി.സുധാകരന്‍ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങള്‍ തരുന്നുണ്ട്. രവീന്ദ്രന്‍ മാഷിനെയും പ്രത്യേകം ഓര്‍ക്കുന്നു.അദ്ദേഹം ഒരു പാട് സ്കൂളുകള്‍ക്ക് പണം തന്നു. വലിയൊരു ഉണര്‍വ് വിദ്യാഭ്യാസ രംഗത്ത് അന്നുണ്ടായി. സത്യം എവിടെയാണെങ്കിലും പറയണം. ഇപ്പോ കിട്ടിയ രണ്ട് റോഡും വെട്ടിക്കവല ബ്ലോക്കിലാണ്. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറ് മീറ്റര്‍ റോഡ് പോലും അനുവദിച്ചിട്ടില്ല’- ഗണേഷ് കുമാര്‍ പറഞ്ഞു.