പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം

13കാരിയെ ലഹരി നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. അഴിയൂരിലെ സ്കൂളിൽ എക്സൈസ് ഇന്ന് പരിശോധനയും നടത്തും.

കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു

തനിക്കു ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്.പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം 

Leave a Reply

Your email address will not be published. Required fields are marked *