‘പുറത്താക്കിയിട്ടില്ല, ഔദ്യോഗിക  അറിയിപ്പ്  ലഭിച്ചാൽ  രാജിവയ്ക്കും’; പി  വി  ശ്രീനിജിൻ

ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി വി ശ്രീനിജിൻ എം എൽ എ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ രാജിവയ്ക്കുമെന്നും ശ്രീനിജിൻ പറഞ്ഞു. ശ്രീനിജിൻ എം എൽ എയോട് ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടാൻ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എം എൽ എ സ്ഥാനത്തിനൊപ്പം മറ്റു ഭാരവഹിത്വം വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയിൽ നിർദേശമുയർന്നത്. എം എൽ എയ്ക്ക് ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്പോർട്സ് കൗൺസിൽ ചുമതല അതിന് തടസമാകരുതെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീം സെലക്ഷൻ സമയത്ത് സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടത് വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്‌സ് നൽകിയില്ലെന്നാരോപിച്ചായിരുന്നു സ്പോർട്‌സ് സെന്ററിന്റെ ഗേറ്റ് പൂട്ടിയത്. എന്നാൽ വാടക കൃത്യമായി നൽകിയിട്ടുണ്ടെന്ന് സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ പി വി ശ്രീനിജിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *