പുരസ്‌കാരങ്ങളുടെ നിറവില്‍ കേരള ടൂറിസം; ഇന്ത്യ ടുഡേ ടൂറിസം അവാര്‍ഡ് കേരളത്തിന്

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കാരവന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡേയുടെ തിരഞ്ഞെടുപ്പ്.

90.5 പോയിന്റ് നേടിയാണ് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡാനന്തര ടൂറിസത്തില്‍ കേരളം കൈവരിച്ച മുന്നേറ്റത്തിനാണ് അവാര്‍ഡ്. നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ടൂറിസം മേഖലയില്‍ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി എന്നും വിലയിരുത്തി.

ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തിരഞ്ഞെടുത്തത്.

അസമാണ് (84.5) രണ്ടാം സ്ഥാനത്ത്. ഗുജറാത്ത് (83.1) മൂന്നാം സ്ഥാനത്തും മഹാരാഷ്ട്ര (83.0) നാലാം സ്ഥാനത്തുമാണ്. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. 91.1 പോയിന്റാണ് നേടിയത്. നാഗാലാന്റ് (91.0) രണ്ടാം സ്ഥാനത്തും സിക്കിം (89.2) മൂന്നാം സ്ഥാനത്തുമാണ്.

കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാര്‍ഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും വിധം ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ പ്രചോദനമാകും.

കോവിഡില്‍ തകര്‍ന്നുപോയ ടൂറിസം മേഖല ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരിച്ചുവന്നത്. ആഭ്യന്തര സഞ്ചാരികളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കാരവന്‍ ടൂറിസത്തെ കേരളം സ്വീകരിച്ചു കഴിഞ്ഞു. കൂടുതല്‍ നവീനമായ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ സഞ്ചാരികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രേഡ് മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡും കേരളത്തിന് ലഭിച്ചിരുന്നു. ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. ട്രാവല്‍ പ്ലസ് ,ലെഷറിൻെറ വായനക്കാര്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതും കേരളത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *