പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ ആ ഊർജ്ജം ചോർത്താൻ ഉമ്മൻചാണ്ടിയെ തന്നെ ചർച്ചയാക്കുകയാണ് സിപിഎം. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞു. മൂന്നാംനിര നേതാക്കളെ കൊണ്ട് തരംതാണ ആരോപണമാണ് സിപിഎം ഉയർത്തുന്നതെന്ന് വി ഡി സതീശൻ പ്രതികരിച്ചു.

ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും. 

Leave a Reply

Your email address will not be published. Required fields are marked *