പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ.എം.ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. കൊണ്ടോട്ടിയിലെ ലീഗ് സമ്മേളനത്തിലാണ് ഷാജിയുടെ പ്രസംഗം.

ഫസൽ വധക്കേസിലെ മൂന്നു പേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ വധക്കേസിൽ പ്രതികളെ കൊന്നതും സിപിഎമ്മാണ്. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഷാജി പറഞ്ഞു.

ടി.പി. വധക്കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിലാണ് മരിച്ചത്. അസുഖത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *