കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണൻ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിൽ ഇഡി ഓഫീസിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാൽ ഇനിയും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ കേസിൽ ഞാൻ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്, അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്നം നടന്ന കാലയളവിൽ, രണ്ടുമാസത്തോളം ഞാൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇഡി എന്നെ വിളിപ്പിച്ചത്. അവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട് – എംപി പറഞ്ഞു.
പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ല എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ബോധ്യംവന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തേ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. ഇനിയും വിളിപ്പിച്ചാൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറാണ്, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂർ കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇഡി കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.