പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ എതിർപ്പു തള്ളിയാണ് സുപ്രീംകോടതി കേസിലെ ഒന്നാം പ്രതിയായ സുനിൽകുമാറിന് ( പൾസർ സുനി) ജാമ്യം നൽകിയത്. വിചാരണ കോടതി നടപടികളെ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഏഴര വർഷമായി പൾസർ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ചു. ഇതെന്തുതരം വിചാരണയാണെന്നും കോടതി ചോദിച്ചു. പൾസർ സുനിയെ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കർശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സർക്കാരിന് വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാൻ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവിൽ വിസ്തരിച്ചപ്പോൾ പ്രോസിക്യൂഷനും എതിർത്തൊന്നും പറഞ്ഞില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അപ്പോൾ സംസ്ഥാന സർക്കാരിനെയും പ്രോസിക്യൂഷനെയും സുപ്രീംകോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നാൾ നീണ്ട വിസ്താരത്തെ എതിർക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പൾസർ സുനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ച സുപ്രീംകോടതി, സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്. നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി. പലതവണ ജാമ്യം തേടി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *