തിരുവനന്തപുരം: 2026 ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നതിനുമായി മന്ത്രി സജി ചെറിയാൻ കൺവീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ
സെറിബ്രൽ പാൾസി ബാധിതനായ രതീഷിന് വീട് നിർമിക്കാൻ കാസർകോട് ജില്ലയിൽ ബേഡഡുക്ക വില്ലേജിൽ 6 സെന്റ് ഭൂമി അനുവദിക്കും. അപേക്ഷകൻറെ പിതാവിൻറെ പേരിലുള്ള ഭൂമി സർക്കാരിലേക്ക് വിട്ടൊഴിയുന്നതിനു പകരമായാണ് യാത്രാ സൗകര്യമുള്ള ഭൂമി അനുവദിക്കുന്നത്. മാതാവ് കൗസല്യയുടെ പേരിലാണ് ഭൂമി പതിച്ചു നൽകുക. മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണ് ഭൂമി കൈമാറുന്നത്.
കെ.വി. ബാലകൃഷ്ണൻ നായരെ മലബാർ സിമൻറ്‌സ് ലിമിറ്റഡിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും. കേരള പബ്ലിക്ക് എൻറർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെൻറും) ബോർഡ് ലഭ്യമാക്കിയ സെലക്ട് ലിസ്റ്റിൽ നിന്നാണ് നിയമനം. എറണാകുളം കീഴില്ലം സ്വദേശിയാണ്. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിലെ ഓഫിസർമാരുടെ 2020 ജനുവരി 1 മുതൽ 5 വർഷത്തേക്കുള്ള ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.
സംസ്ഥാനത്തെ ദേശീയ പാതയുടെ വിവിധ ഭാഗങ്ങളുടെ വികസനത്തിനായി ദേശീയപാത അതോറിറ്റി കരാർ നൽകിയിട്ടുള്ള ഏജൻസികൾക്ക് സംസ്ഥാനത്തെ 11 ജലാശയങ്ങളിൽ നിന്നും മണ്ണ് ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിനും അപ്രകാരം ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് സാധാരണ മണ്ണാണോ എന്ന് വിലയിരുത്തി ഹൈവേയുടെ വികസനത്തിനും നിർമാണത്തിനും ഉപയോഗിക്കുന്നതിനുമുള്ള പരിമിതമായ അവകാശങ്ങൾ നൽകുന്നതിനുമുള്ള കരട് നയ രൂപരേഖ അംഗീകരിച്ചു.