‘പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ സരിനെ വെല്ലുവിളിക്കുന്നു’: പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി സി കൃഷ്ണകുമാർ

പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുവെന്ന പി സരിന്റെ ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു. സരിൻ തെളിവ് പുറത്തുവിടണമെന്നും  കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സരിൻ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണ്.

സരിൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോൺസർഡ് സ്ഥാനാർഥിയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. സന്ദീപ് വാരിയർ മികച്ച നേതാവാണെന് സിപിഎം നേതാക്കൾ സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും സന്ദീപ് ബിജെപി പ്രചാരണത്തിന് ഇറങ്ങുമെന്നും സി കൃഷ്ണകുമാർ‌ അറിയിച്ചു.  

തിരൂർ സതീഷിനു പിന്നിൽ ഉള്ള പി ആർ ഏജൻസി ഏതാണെന്നു പരിശോധിക്കണം. രണ്ട് മുന്നണിയും സതീഷിനെ ഉപയോഗിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ മാത്രമല്ല മുൻ നിര ബിജെപി നേതാക്കളെ എല്ലാം സിപിഎം ആക്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹസ്തദാന വിവാദത്തിൽ ഷാഫിക്കും രാഹുലിനും വിഡി സതീശൻ നിഷ്കളങ്കത്വം ചാർത്തി കൊടുക്കണ്ടെന്നും ഹസ്തദാനം നൽകാത്തിലൂടെ അവരുടെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

നിഷ്കളങ്കരാണെങ്കിൽ ശത്രുക്കളായല്ല രാഷ്ട്രീയ എതിരാളികളായാണ് എതിർ സ്ഥാനാർഥികളെ കാണേണ്ടത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെ നിയമസഭയിൽ ഷാഫി പറമ്പിൽ കെട്ടിപിടിച്ചിരുന്നില്ലോ. അപ്പോളൊന്നും ഷാഫിക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുവെന്നും പണം കൈപ്പറ്റുന്നത് കോൺ‌​ഗ്രസുകാരാണെന്നും ആയിരുന്നു സരിന്റെ ആരോപണം. തെളിവ് സഹിതം പരാതിപ്പെടുമെന്നും സരിൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *