പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; അടിയന്തര പ്രധാന്യത്തോടെ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയർന്നിരുന്നു. സാൻഡ്വിച്ചുകളിലും ഷവർമകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കിൽ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോർട്ടുകളിൽ നിന്നും ഇത്തരം മയോണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു. പച്ച മുട്ടയിൽ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയിൽ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് തീരുമാനം. വെജിറ്റബിൾ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാം.

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *