പക്ഷിപ്പനി; തിരുവനന്തപുരത്ത് തിങ്കളാഴ്ചമുതല്‍ പക്ഷികളെ കൊന്നൊടുക്കും, ഇറച്ചിവില്‍പനയ്ക്ക് നിയന്ത്രണം

പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കഴിഞ്ഞയാഴ്ച അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല അവലോകന യോഗത്തിലാണ് പ്രതിരോധ നടപടികളിലേക്ക് കടക്കാന്‍ തീരുമാനമായത്.

താറാവുകള്‍ കൂട്ടത്തോടെ ചത്ത ഫാം നില്‍ക്കുന്ന 15-ാം വാര്‍ഡിലും 17, 16, 7, 14 , 12, 18 എന്നീ വാര്‍ഡുകളിലുമുള്ള കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ ഈ നടപടികള്‍ ആരംഭിക്കും. ഇതോടൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മറ്റ് മേഖലകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഴൂര്‍ പഞ്ചായത്തിന്റെ ഒമ്പത് കിമീ ചുറ്റളവിലുള്ള മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ പരിധിയില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍ കോട് ഗ്രാമപഞ്ചായത്തുകള്‍ക്കൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട കഴക്കൂട്ടം മേഖലയിലെ വാര്‍ഡ് ഒന്ന്, ആറ്റിന്‍ കുഴി പ്രദേശം തുടങ്ങിയ മേഖലകളില്‍ കോഴി, താറാവ് എന്നിവയുടെ വില്‍പനയും ഇറച്ചി വില്‍പനയും നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *