തിരുവനന്തപുരം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ”മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപിക്കാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്.
ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്” – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ”ലീഗ് തന്നെ ചീത്തയാക്കാൻ ശ്രമിക്കുന്നു. ഞാൻ സമുദായത്തിനെതിരെ പറഞ്ഞെന്നു വരുത്തി തീർക്കുന്നതു ലീഗ് മാത്രമാണ്. എന്നെ മുസ്ലീം വിരോധിയാക്കാൻ ലീഗ് ശ്രമിക്കുന്നു. ഞാൻ മുസ്ലീം വിരോധിയല്ല. മുസ്ലീം സമുദായത്തിന്റെ കുത്തക ലീഗ് ഏറ്റെടുക്കേണ്ട” – അദ്ദേഹം പറഞ്ഞു.