നേരൃമംഗലം കാട്ടാന ആക്രമണം, വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്.

ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോതമംഗലം ടൗണിലാണ് മൃതദേഹവുമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്ന് ഇന്ദിരയുടെ കുടുംബം നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.മാര്‍ച്ചിനിടെ മൃതദേഹത്തെ പൊലീസ് അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ചിനിടെ മൃതദേഹം കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തിലും തള്ളിലും കലാശിച്ചു. മുഹമ്മദ് ഷിയാസ് ഡിവൈഎസ്പിയെ പിടിച്ചുതള്ളി. മാര്‍ച്ചിനിടെ മൃതദേഹം കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മന്ത്രി സ്ഥലത്ത് എത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഫെന്‍സിങ് നടത്തണമെന്നത് നാട്ടുകാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട് വരുന്ന കാര്യമാണ്. ഫെന്‍സിങ് നടത്തിയിരുന്നവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. സംഭവത്തില്‍ ഫോറസ്റ്റിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *