നെന്മാറ ഇരട്ടക്കൊല കേസ്: രഹസ്യമൊഴി നൽകാൻ പോലും ഭയന്ന് പ്രധാന ദൃക്‌സാക്ഷി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് പ്രധാന സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന ഭയത്താലാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയ്‌ക്കുന്നതിനിടെ അസ്വാഭാവികമായ ശബ്‌ദം കേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്‌മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.

സുധാകരനും അമ്മ ലക്ഷ്‌മിയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്‌മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് അദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും സാക്ഷി പറയാൻ വിസമ്മതിക്കുകയായിരുന്നു. ഇയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പൊലീസിന് രഹസ്യമൊഴി രേഖപ്പെടുത്താനോ കോടതിയിൽ മൊഴി നൽകാനോ ഇയാൾ തയ്യാറാകുന്നില്ല.

സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിവീഴ്‌ത്തുമ്പോള്‍ 50 മീറ്റര്‍ മാത്രം അകലെയായി ദൃക്‌സാക്ഷിയായ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ സ്ഥിരീകരണം. സംഭവം കണ്ട് ഭയചകിതനായ ഇയാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. പനി ബാധിച്ച് കുറച്ച് ദിവസം കിടപ്പിലായിരുന്നു. പിന്നീട് ബന്ധുവിനൊപ്പം ജോലിക്കു പോയി. ഈ യുവാവിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പൊലീസ് തുടരുന്നുണ്ടെന്നാണ് വിവരം.

അതേസമയം, മറ്റ് സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. എട്ട് സാക്ഷികളുടെ രഹസ്യമൊഴിയാണ് എടുക്കുന്നത്. ഇന്ന് രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ രണ്ടുപേരുടെ വീതം മൊഴിയെടുക്കൽ പൂർത്തിയാക്കും. നൂറോളം സാക്ഷികൾ ഉള്ളതിനാൽ എട്ടുപേരുടെ മാത്രമാണ് രഹസ്യമൊഴിയായി രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *