നെടുമങ്ങാട് സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; പ്രതി അരുൺ കുറ്റക്കാരൻ

നെടുമങ്ങാട് കരുപ്പൂർ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.

ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാർ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാർ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേർപിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടിൽ അരുൺ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നൽകിയിരുന്ന സ്വർണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തർക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോൾ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുൺ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു. അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടർന്നു. സൂര്യയുടെ തല മുതൽ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരിൽ പലവട്ടം ഇടിച്ചു മുറുവേൽപ്പിച്ചു. പിതാവിൻറെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ അരുൺ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ വീടിൻറെ ടെറസിനു മുകളിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *