നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസാണ് പൊലീസ് പിടിയിലായത്. അപകടത്തില്‍ വയോധിക മരിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമിത വേഗതയില്‍ വളവില്‍ പെട്ടെന്ന് വെട്ടിത്തിരിക്കാന്‍ നോക്കിയതാണ് അപകടകാരണമെന്നാണു ഡ്രൈവര്‍ പൊലീസിനു നല്‍കിയ മൊഴി.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. കാട്ടാക്കട പെരുങ്കട വിളയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കാവല്ലൂര്‍ സ്വദേശിനി ദാസിനി(60) ആണ് മരിച്ചത്. കുട്ടികളടക്കം 49 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റുവെന്നാണു വിവരം. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

അതേസമയം, നെടുമങ്ങാട് വെമ്പായം റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഇതു നേരത്തെയും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മറിയുന്നതിന് മണിക്കൂറുകള്‍മുന്‍പ് പൂവച്ചല്‍ സ്വദേശി നിയാസ് എന്ന ബൈക്ക് യാത്രക്കാരനും ഇവിടെ അപകടത്തില്‍പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *