നിയസഭാ കയ്യാങ്കളികേസ്; യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. 

ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 341, 323 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നില്ല.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് നിയമസഭാ കയ്യാങ്കളി കേസ്. വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു.

ആദ്യം തിരുവനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. ഇതിന്‍റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്‍റെ ഉത്തരവ്. 

Leave a Reply

Your email address will not be published. Required fields are marked *