നിമിഷ പ്രിയയുടെ മോചനം; ഹൂതി വിമത ഗ്രൂപ്പുമായി ഇറാൻ ചർച്ച നടത്തി

മലയാളി നഴ്‌‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി. ഹൂതി നേതാവ് അബ്‌ദുൾ സലാമുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചിയാണ് സംസാരിച്ചത്. മസ്‌കറ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്‌തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തേ അറിയിച്ചിരുന്നു.

നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയായിരുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് രാജ്യസഭയിൽ കാര്യം ഉന്നയിച്ചത്. നിമിഷ പ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തി വർദ്ധൻ സിംഗ് മറുപടി നൽകിയിരുന്നു. ഇനിയുള്ള നടപടികൾക്കായി നിമിഷ പ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

നിമിഷ പ്രിയയുടെ അമ്മയ്‌ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്‌ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യ മന്ത്രാലയ ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ, മോചനം സാദ്ധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

2017 ജൂലായിൽ അറസ്റ്റിലായ നിമിഷ പ്രിയയ്‌ക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷ പ്രിയ നൽകിയ അപ്പീലുകളെല്ലം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നൽകുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമൻ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *