‘നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിർമിത തടസങ്ങൾ’; സ്പിരിച്വൽ ടൂറിസം പദ്ധതി മനസിലുണ്ടെന്ന് സുരേഷ് ഗോപി

തൃശൂരിൻറെ വികസനത്തിൽ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പ്രയോറിറ്റി ഇല്ലെന്നും ജനങ്ങൾക്ക് ആവശ്യമുള്ളതിനാണ് മുൻഗണനയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ-കുറ്റിപ്പുറം പാത വൈകുന്നതിൻറെ കാരണം കോൺട്രാക്ടർമാരോടാണ് ചോദിക്കേണ്ടതെന്നും തന്നെ ഏൽപ്പിച്ച ജോലി തൻറെ അച്ഛനും അമ്മയ്ക്കും വരെ തൃപ്തികരമായ രീതിയിൽ നിർവഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിർമിത തടസങ്ങളാണുള്ളത്. അത് നീക്കി വരുകയാണ്. തൃശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന് തന്നെ ധരിപ്പിച്ചാൽ അതിൽ നിന്നും പിൻമാറാം. തൃശൂർ നഗരം തൊടാതെയുള്ള മണ്ണുത്തി-കുന്നംകുളം എലവേറ്റഡ് പദ്ധതി മനസിലുണ്ട്. ഒരാളെയും ദ്രോഹിക്കാതെ പദ്ധതി നടപ്പാക്കും. ഇതോടൊപ്പം സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയും മനസിലുണ്ട്. നാഗപട്ടണം-വേളാങ്കണ്ണി-ദിണ്ടിഗൽ ക്ഷേത്രം-ഭരണങ്ങാനം-മംഗളാദേവി-മലയാറ്റൂർ-കാലടി-കൊടുങ്ങല്ലൂർ-തൃശൂർ ലൂർദ് പള്ളി തുടങ്ങിയവെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്വിരിച്ച്വൽ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിൽ ഗുരുവായൂരിനെ വെറെ തന്നെ കാണേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വളപട്ടണത്ത് ഇപി ജയരാജൻ മുൻകയ്യെടുത്തുള്ള പ്രകൃതിയുമായി ചേർന്നു നിന്ന ടൂറിസം പദ്ധതിയാണ് താൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ, പിന്നീട് അവിടെ വെറും സിമൻറ് കെട്ടിടങ്ങൾ മാത്രമായി.അന്ന് വളപട്ടണം പദ്ധതിയെ തടഞ്ഞവർ ഇന്ന് അവിടെപ്പോയി കണ്ടൽ വെട്ടിയത് തടയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *