ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ ; വ്യക്തിപരമായ കാര്യങ്ങളെ തുടർന്നായിരുന്നു സന്ദർശനമെന്ന് എസ് രാജേന്ദ്രൻ

ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. മൂന്നാർ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ.പ്രമീളാദേവി, മധ്യമേഖല പ്രസിഡൻറ് എൻ.ഹരി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.

നേരത്തെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിരുന്നു. ജാവഡേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും ഇപ്പോഴില്ലെന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ചർച്ചകൾക്ക് പിന്നാലെ സിപിഐഎമ്മിനോട് മാപ്പ് പറഞ്ഞ് രാജേന്ദ്രൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു. പ്രകാശ് ജാവഡേക്കറെ കണ്ടതിന് ശേഷം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ലെന്നും രാജേന്ദ്രൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ബിജെപി നേതാക്കൾ വീട്ടിൽ സന്ദർശനം നടത്തിയിരിക്കുന്നത്.

എന്നാൽ, സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. മൂന്നാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു, ഇക്കാര്യം ചർച്ച ചെയ്യുകയായിരുന്നു വരവിന്റെ ഉദ്ദേശമെന്ന് ബിജെപി നേതാക്കളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *