ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ ബിജെപി പുറത്താകുമായിരുന്നു: എം.വി. ഗോവിന്ദൻ

ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനായി ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കില്‍ ‘ഇന്ത്യ’ മുന്നണിക്ക് രാജ്യം ഭരിക്കാനാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എല്‍.എ. പറഞ്ഞു.

കെ.എസ്.കെ.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥത്തില്‍ 32 സീറ്റുമാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ‘ഇന്ത്യ’ സംഖ്യത്തിന് കുറവുണ്ടായത്. ഇത് ഏകദേശം രണ്ട് ശതമാനം വോട്ടാണ്.

ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനുള്ള വോട്ടുകളൊന്നും ഛിന്നഭിന്നമാകാതെ ആർക്കാണോ വിജയസാധ്യത അവർക്കുനല്‍കി ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ശ്രമിച്ചാല്‍ 37 ശതമാനം വോട്ടുമാത്രമുള്ള ബി.ജെ.പി.ക്ക് 63 ശതമാനം വോട്ടുള്ള മറ്റുള്ളവർക്ക് വിധേയപ്പെടേണ്ടിവരുമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് മതനിരപേക്ഷ ഉള്ളടക്കത്തിനു പകരം മൃദുഹിന്ദുത്വ നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍, രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തിലെത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട് -ഗോവിന്ദൻ പറഞ്ഞു.

മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ, അഖിലേന്ത്യാ വൈസ് പ്രസിഡൻര് കെ. കോമളകുമാരി, വി.കെ. രാജൻ, കെ.കെ. ദിനേശൻ, സുരേഷ് താളൂർ, ടി.കെ. ഗോവിന്ദൻ, പി.കെ. ശ്യാമള, കെ.സി. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *